തൃശൂർ: നിർധനകുടുംബങ്ങളിലെ കാൻസർരോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സഹായം വിതരണംചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ.
സംസ്ഥാനത്തുടനീളം 1500 രോഗികളിലേക്കാണു പദ്ധതിയിലൂടെ സഹായമെത്തിക്കുന്നത്. ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായവിതരണം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചേർന്നു നിർവഹിച്ചു.
മൂന്നു കോടി രൂപ ചെലവിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ തുടർച്ചയായാണു പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടത്തുന്നതെന്നും കുട്ടികളിലെ കാൻസർചികിത്സയ്ക്കുമാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സിഇഒ ഡോ. ബെന്നി ജോസഫ്, കോർപറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.